Thursday, August 1, 2019

ഓർവെൽ :രണ്ടാം വായനയുടെ ദുരന്തം

ഓർവെൽ:രണ്ടാംവായനയുടെ ദുരന്തം                 ഡോ .ഹേമന്ത് ബി നായർ ഇന്നു വിരമിക്കുകയാണ് .ഒരുപക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ യാത്രയയപ്പിനു വേണ്ട ഒരുക്കങ്ങളിലായിരിക്കും .ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോളിന്റെ(Department of Dream Control) മേധാവി എന്ന നിലക്ക് കഴിഞ്ഞ ഇരുപത്തിനാലു വർഷത്തെ അദ്ദേഹത്തിന്റെ സേവനം ഇന്ന് അവസാനിക്കുകയാണ് .ഈ ആഖ്യായിക ഡോ .ഹേമന്ത് ബി നായരുടെ കഥയെന്നതിനേക്കാളുപരി ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോളിന്റെ ചരിത്രം എന്നു വിശേഷിപ്പിക്കുന്നതായിരിക്കും ശരി .

ഡോ .ഹേമന്ത് ബി നായർ

മനഃശാസ്ത്രത്തിൽ ബിരുദവും ,ബിരുദാനന്തര ബിരുദവും നേടിയശേഷം രാജ്യത്തെ പ്രശസ്തമായൊരു സാങ്കേതിക വിദ്യാലയത്തിൽ നിന്നും കംപ്യൂട്ടർ പ്രോഗ്രാമിങ് ആൻഡ് വെർച്യുൽ കൺട്രോളിങ്ങിൽ ബിടെക് നേടുകയും ,വിദേശ സർവ്വകലാശാലകളിലൊന്നിൽ സ്വപ്നാപഗ്രഥനത്തിലും ,ന്യൂറോൺ ബിഹേവിയറോളജിയിലും ഗവേഷണം നടത്തുകയും ചെയ്തു .രാജ്യത്തെ പ്രശസ്തമായൊരു വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യവേയാണ് അദ്ദേഹത്തിന് ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോളിന്റെ മേധാവിയാവാനുള്ള അവസരം ലഭിക്കുന്നത് .രാജ്യത്തിന്റെ അഖണ്ഡതയിലും ,രാജ്യസുരക്ഷയിലും പ്രതേകിച്ചു പൈതൃക സംസ്കാരത്തിലുമുള്ള അദ്ദേഹത്തിന്റെ രൂഢമൂലമായ വിശ്വാസം അങ്ങനെയൊരു പദവി നേടിയെടുക്കുന്നതിൽ കുറച്ചൊന്നുമല്ല അദ്ദേഹത്തെ സഹായിച്ചത് .പിന്നീടങ്ങോട്ടുള്ള പ്രവർത്തനവിജയം അതു തെളിയിക്കുകയും ചെയ്തു .

ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോൾ

ഇരുപത്തഞ്ചു വര്ഷങ്ങള്ക്കുമുന്പാണു അന്നത്തെ ഭരണകൂടം വർധിച്ചുവരുന്ന സർക്കാർ വിരുദ്ധ പ്രവണതകൾ മുൻകൂട്ടി മനസ്സിലാക്കുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ ഡിപ്പാർട്മെന്റിനു തുടക്കമിടുന്നത് . സ്വപ്നങ്ങൾ മനുഷ്യന്റെ അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളുടെ ബഹിർസ്ഫുരണങ്ങളാണെന്നുള്ള ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലാണ് ഇത്തരമൊരു സംരഭത്തിന് തുടക്കമാവാൻ ഇടയായത് .ആവശ്യത്തിന് വൈദഗ്ധ്യമുള്ളവരുടെ അഭാവവും ലക്ഷ്യബോധമില്ലായ്മയും ഡിപ്പാർട്മെന്റിന്റെ പ്രവർത്തനം ഏറെക്കാലം മന്ദീഭവിപ്പിക്കുകയും കേവലം ദുഃസ്വപ്ന ചികിത്സയിലും(Nightmare Therapy) പ്രബോധനങ്ങളിലുമൊക്കെ ഒതുങ്ങി കഴിയുകയും ചെയ്തു . അങ്ങനെയിരിക്കെയാണ് ഡോ .ഹേമന്ത് ബി നായർ ഡിപ്പാർട്മെന്റ് ഓഫ് ഡ്രീം കൺട്രോളിന്റെ മേധാവിയായി അധികാരമേറ്റെടുക്കുന്നത് .

1  പരിശീലനകേന്ദ്രം(Training Center)
ആദ്യമായി അദ്ദേഹം ചെയ്തത് അർഹരായ ഉദ്യോഗാർഥികളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം കൊടുക്കാനുള്ള സംവിധാനമൊരുക്കലാണ് .
സാങ്കേതിക മികവുള്ള ഉപകരണങ്ങൾ, വിദഗ്ധരും ഭരണകൂട ആശയങ്ങളോട് കൂറ് പുലർത്തുന്നവരുമായ പരിശീലന സംഘം,അതീവ ജാഗ്രതയോടും രഹസ്യമായും നിറവേറ്റപ്പെടുന്ന പ്രക്രിയ ആയതിനാൽ ജനപഥങ്ങളിൽ നിന്നു മാറി സെന്ററിന് ആവശ്യമായ ഒരു ടൗണ്ഷിപ് ഒരുക്കി അദ്ദേഹം അതിനുള്ള തുടക്കം കുറിച്ചു.            
2  ഗവേഷണ വിഭാഗം(research and devolopment)
രണ്ടു വിഭാഗങ്ങളായാണ് ഡിപാർട്മെന്റ് പ്രവർത്തിച്ചിരുന്നത്.ഒന്നു ആളുകളുടെ ഇടയിൽ രഹസ്യമായി പ്രവത്തിച്ചു വിവര സമാഹരണം നടത്തുകയും ആയതു ക്രോഡീകരിച്ചു നിഗമനങ്ങൾ ഡിപ്പാർട്മെന്റിൽ എത്തിക്കുകയും ചെയ്യുക. രണ്ടാമത്തെ വിഭാഗമാവട്ടെ ഭീഷണമായ സ്വപ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും അതു തടയാനാവശ്യമായ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുക.                 എല്ലാ വിഭാഗങ്ങളും ഡോ.ഹേമന്ത് ബി നായരുടെ മേൽനോട്ടത്തിൽ ആയതിനാൽ ഓരോ ചെറിയ വിഷയങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുകയും ആയതു കുറ്റമറ്റതാക്കുന്നതിൽ എപ്പോളും ജാഗരൂകനായിരിക്കുകയും ചെയ്തു. ഏകദേശം രണ്ടരവർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ അദ്ദേഹവും സംഘവും വികസിപ്പിച്ചെടുത്ത dream control devise  അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിനു ലഭിച്ച പൊൻതൂവലാണെന്നു പറയാം.പ്രശസ്തിയുടെ കൊടുമുടിയിൽ ജീവിക്കാൻ അതദ്ദേഹത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്.                   4   Dream Control Devise                                                  ഓരോരുത്തരും കാണുന്ന സ്വപ്നങ്ങളെ അപഗ്രഥിക്കാനും നിയന്ത്രിക്കാനുമുള്ള ഉപകരണം നിർബന്ധിതമായിത്തന്നെ എല്ലാ വീടുകളിലും ഹോട്ടലുകളിലും മറ്റു ഔദ്യോഗിക ഭവനങ്ങളിലും സ്‌ഥാപിക്കപ്പെട്ടു.എന്തിന് യാത്രാവേളകളിലും മറ്റുമുള്ള ഹൃസ്വനിദ്രകൾ പോലും നിരീക്ഷിക്കാൻ ഈ ഉപകരണം സുസജ്ജമായിരുന്നു.അനേകം വിദഗ്ദ്ധർ ഷിഫ്റ്റുകളായി തിരിഞ്ഞ് സദാസമയവും ഏകദേശം നൂറു കോടി മനുഷ്യരുടെ സ്വപ്നങ്ങൾ നിരീക്ഷിക്കുകയും രാജ്യദ്രോഹപരവും മതവിരുദ്ധവും സദാചാരസീമകളെ ലംഘിക്കുന്നവയുമായ സ്വപ്നദർശികളെ കയ്യോടെ കാരാഗ്രഹത്തിലെത്തിക്കുകയും ചെയ്തു.ഭരണകൂടം നിരോധിച്ചിട്ടുള്ള സ്വപ്നങ്ങളുടെ പട്ടിക വിശദമായി തന്നെ വിജ്ഞാപനമായി പുറത്തിറക്കി.അധികം താമസിയാതെ തന്നെ രാജ്യത്തെ ജയിലറകൾ സ്വപ്നദർശികളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു.അനേകായിരങ്ങൾ ജയിലറകളിലെ കൊടും പീഡനങ്ങളിൽ സഹികെട്ട് സ്വപ്നസഞ്ചാരം അവസാനിപ്പിച്ചു കാലയവനികക്കുള്ളിൽ മറഞ്ഞു.ഓരോ ദിവസവും പിടിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണത്തിലുണ്ടാവുന്ന വർധനവും ജയിൽ സൗകര്യങ്ങളുടെ അപര്യാപ്തതയും ഡിപ്പാർട്മെന്റിനെ പ്രതിസന്ധിയിലാക്കി.             Online dream editing                              
ഇത്രയൊക്കെ സംവിധാനങ്ങളുണ്ടായിട്ടും നിരോധിക്കപ്പെട്ട സ്വപ്നങ്ങൾ കാണുന്നത് നിർബാധം തുടരുകയും എന്തിനു ജയിൽ മുറികളുടെ അന്ധകാരത്തിലും അതു തുടരുകയും ചെയ്യുന്നത് ഭരണകൂടത്തെ അസ്വസ്ഥമാക്കി.തുടർന്ന് അതിനു വേണ്ടുന്ന പരിഹാരം കാണാൻ ഡോ.ഹേമന്ത് ബി നായരോട് ആവശ്യപ്പെട്ടു.തുടർന്ന് അദ്ദേഹവും സംഘവും മാസങ്ങളോളം ചിലവഴിച്ചെങ്കിലും അവസാനം ആ സ്വപ്നതുല്യമായ പരിഹാരം കണ്ടെത്തുക തന്നെ ചെയ്തു.നേരത്തെ സ്വപ്നങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ തത്സമയം സ്വപ്നങ്ങൾ നിരീക്ഷിക്കാനും നിരോധിക്കപ്പെട്ട സ്വപ്നങ്ങൾ എഡിറ്റ് ചെയ്യാനോ ബ്ലർ ചെയ്യാനോ മാസ്‌ക് ചെയ്യാനോ ആവുന്നവിധത്തിൽ ആ ഉപകരണം നവീകരിക്കപ്പെട്ടു.ഭരണകൂടം ആഗ്രഹിക്കുന്ന വിധത്തിലുള്ള സ്വപ്നങ്ങൾ വിക്ഷേപണം ചെയ്യാനും ഉപകരണം ശേഷിയുള്ളതായതിനാൽ നൂറു കോടി മനുഷ്യസ്വപ്നങ്ങളെ ഭയക്കാതെ ഭരണം മുന്നോട്ടുപോയി.സുദീർഘമായ തന്റെ ഉച്ചമയക്കത്തിൽ നിന്നെഴുന്നേറ്റ്‌ ഡോ.ഹേമന്ത് ബി നായർ തന്റെ വിരമിക്കൽ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് യാത്രതിരിച്ചു.