Tuesday, July 5, 2016

ശിവപുരാണം 


11.59 PM.പി .ശിവൻ മരിച്ചു .ആകസ്മികമായി തോന്നാം അല്ലെങ്കിൽ മരിക്കുന്നതിൽ ആകസ്മികമായി എന്താണുള്ളത് .മരണത്തിലേക്കുള്ള യാത്ര തന്നെയല്ലേ ജീവിതം .ചിലത് ഋജുവായി ദൈര്ഘ്യമേറിയത്,ചിലത് എളുപ്പത്തിൽ ഹൃസ്വമായത് .പി .ശിവനെ സംബന്ധിച്ചിടത്തോളം അസാധാരണമായ മരണത്തിന്റെ സാധ്യത എന്ത്?.മരണം എങ്ങനെയാണ് അസാധാരണമായിരിക്കുക.പി .ശിവന്റെ മരണത്തിലുള്ള ദുരൂഹത എന്തൊക്കെയായിരിക്കും. അല്ലെങ്കിൽ ദുരൂഹതയെപറ്റിയുള്ള സങ്കൽപ്പങ്ങൾ എന്തൊക്കെയാവാം .ശത്രുത ?പി .ശിവന് ശത്രുക്കൾ ആരെങ്കിലും ഉണ്ടായിരുന്നോ ?ഉണ്ടെങ്കിൽ അതാരോക്കെ ആയിരിക്കും .ഇരുട്ടിൽ തന്റെ നേർക്ക്‌ നീളുന്ന ആ ശത്രു ദൃഷ്ടികളെ പി .ശിവൻ ഭയന്നിരുന്നോ ?.തന്റെ ദീർഘകാല ജീവിതത്തിനിടക്ക് ശത്രുത വളരാവുന്ന എന്തൊക്കെയാവും പി .ശിവൻ പ്രവര്തിച്ചിട്ടുണ്ടാവുക .പി .ശിവന്റെ മരണത്തെക്കുറിച്ചുള്ള അഭ്യുഹങ്ങളിലേക്ക് (ആരാണീ അഭ്യുഹങ്ങളെല്ലാം പരത്തുന്നത് ?അല്ലെങ്കിൽ ആരാണത് പരത്താത്തത്?)
പി .ശിവന്റെ മൃതദേഹം തന്റെ കിടപ്പുമുറിയുടെ ഏതാണ്ട് മധ്യത്തിലായി ഇട്ടിരുന്ന ഡബിൾ കോട്ട് കട്ടിലിന്റെ ഇടതുവശം ചേർന്ന് കൈകൾ മാറിലേക്ക്‌ ചേർത്തുവച്ചു മലര്ന്നു കിടക്കുന്നതായി കാണപ്പെട്ടു . കണ്ണുകൾ നിദ്രക്കും സ്വപ്നത്തിനുമിടയിലുള്ള ഏതോ സന്ധിയിലേക്ക് അല്പം തുറന്നിരുന്നു. കൺകോണുകളിൽ നേരിയ നനവുണ്ടായിരുന്നോ ?ഉറപ്പിക്കാൻ വയ്യ .ചുണ്ടുകൾ ചേർന്നിരുന്നു എങ്കിലും ഒരു വശത്തുണ്ടായിരുന്ന നേരിയ ചരിവ് പുഞ്ചിരിയുടെയോ പുച്ഛത്ത്തിന്റെയോ ശോഷിച്ച ഒരു ഛായ പകർന്നിരുന്നു .യാത്രയുടെ ഒരുക്കം പോലെ മുഖം വൃത്തിയായി ക്ഷൌരം ചെയ്തിരുന്നു .ആരായിരിക്കാം പി .ശിവന് ക്ഷൌരം ചെയ്തുകൊടുത്തിട്ടുണ്ടാവുക ?ഏതായാലും തനിച്ചായിരിക്കാൻ വഴിയില്ല .ദുർബലമായ കൈ വിരലുകളും കേവലമായ കാഴ്ചശക്തിയും കൊണ്ട് ഇത്രയും വൃത്തിയായി അതുചെയ്യാൻ സാധ്യമല്ല .മൃതശരീരത്തിൽ ഒരു കൈത്തറി മുണ്ടു മാത്രമേ ഉണ്ടായിരുന്നുള്ളു .അടിവസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല .നീലനിറത്തിലുള്ള കിടക്കവിരി അശേഷം ചുളിവില്ലാതെ കിടന്നിരുന്നു .
കട്ടിലിന്റെ വലതുവശത്ത് (മൃതദേഹം കിടന്നതിന്റെ എതിര്ഭാഗത്ത്‌) വീട്ടുവളപ്പിൽ നിന്ന് മുറിച്ചതും പി .ശിവൻ തന്നെ പണികഴിപ്പിച്ചതുമായ പ്ലാവിന്റെ മേശ കിടന്നിരുന്നു .2 വലിപ്പുകളുള്ള ആ മേശപ്പുറത്തു പി .ശിവന് രാത്രി കുടിക്കാനുള്ള തണുത്ത ജലവും(മൺകൂജ ) ഒരു ടൈംപീസും പിന്നെ മറ്റൊരു പാത്രത്തിൽ ചില ഗുളികകളും .മേശവലിപ്പുകളിലൊന്നു പകുതി തുറന്ന നിലയിലും കാണപ്പെട്ടു .മുറിയുടെ വടക്കുഭാഗത്തായി ചുമരിനോടുചെർന്നു കടുത്ത ബ്രൌൺ നിറത്തിലുള്ള 2 പ്ലാസ്റ്റിക്‌ കസേരകൾ ഇട്ടിരുന്നു .കിഴക്കുവശത്ത് ചുമരിന്റെ മധ്യഭാഗത്തോട് ചേര്തിട്ടിരിക്കുന്ന തേക്കു മരത്തിൽ പണികഴിപ്പിച്ച അലമാരയിൽ 4 മുണ്ടുകളും (എല്ലാം കൈത്തറി ) 2 വെളുത്തതും 2 ഇളം നീലനിറത്തിൽ ഉള്ളതുമായ കോട്ടൻ ഷർട്ടുകളും ഇസ്തിരിയിട്ടു മടക്കി വച്ചിരുന്നു .മേലേതട്ടിൽ പി .ശിവൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉപയോഗിച്ചിരുന്ന സർവീസ് മാന്വലുകളുടെ ശേഖരവും അംബേദ്‌കർ ,അയ്യൻ‌കാളി ,ശ്രീ നാരായണഗുരു തുടങ്ങിയവരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ ,അഷ്ടാംഗയോഗ,യോഗസുത്രം ,ബ്രഹദാരണ്യകോപനിഷദ്,വരാഹസംഹിത ,യോഗക്ഷേമ പഞ്ചാംഗം മുൻകാലങ്ങളിൽ പി .ശിവൻ എഴുതിവന്നിരുന്ന വരവുചിലവു കണക്കു പുസ്തകങ്ങളും സൂക്ഷിച്ചു വച്ചിരുന്നു .തെക്കുവശത്തെ ചുമരിലാവട്ടെ പി .ശിവന്റെയും പരേതയായ പാറുക്കുട്ടി എന്ന് വിളിച്ചുവന്നിരുന്ന പാർവതീദേവിയുടെയും നിറം മങ്ങിയ വിവാഹഫോട്ടോ തൂക്കിയിട്ടിരുന്നു .
പി .ശിവന്റെ ജഡം കിടന്നിരുന്ന മുറിക്കു 2 വാതിലുകളും കിഴക്കോട്ടും പടിഞ്ഞാറേക്കും തുറക്കുന്ന 2 മൂന്നുപാളി ജനലുകളും ആണ് ഉണ്ടായിരുന്നത് .മുറിയുടെ തെക്കുഭാഗത്ത്‌ പടിഞ്ഞാറെ മൂലയോടുചെര്ന്നുള്ള വാതിൽ ഹാളിലേക്കു തുറക്കുന്നതും വീടിനകത്തുനിന്നു മുറിയിലേക്കു പ്രവേശിക്കാനുള്ള പ്രധാന മാർഗവും ആയിരുന്നു. പി.ശിവനെ കൂടാതെ അദ്ദേഹത്തിന്റെ സഹായികളും വല്ലപ്പോളും എത്തുന്ന അയൽവാസികളും ഈ വാതിൽ വഴിയാണ് അകത്തുവന്നിരുന്നത് .മറ്റൊന്ന് വടക്കേ മൂലയിൽ കിഴക്കോട്ടു അതായതു വീടിന്റെ പുറകുവശത്തുള്ള വരാന്തയിലേക്ക്‌ തുറക്കുന്നതും .വരാന്തയുടെ തെക്കുഭാഗത്തായിരുന്നു ബാത്ത്രൂം .സാധാരണഗതിയിൽ ഈ വാതിൽ തുറന്നുകാണപ്പെടാറില്ല പക്ഷെ ഇന്ന് അതുകുറ്റിയിടാതെ ചാരിവച്ചിരിക്കുന്നതായി കാണപ്പെട്ടു .പടിഞ്ഞാറു ഭാഗത്തേക്കുള്ള ജനാല വീടിന്റെ മുന്ഭാഗതെക്കു തുറക്കുന്നതും പറമ്പിന്റെ അതിരിലൂടെ പോകുന്ന റോഡ്‌ വരെ കാഴ്ച്ച എത്തുന്നതുമാണ്. കിഴക്കൊട്ടുള്ളതാവട്ടെ പി .ശിവൻ തന്റെ സമ്പാദ്യം ചെലവഴിച്ചു വാങ്ങിയ അളവറ്റ ഭൂസ്വതിലേക്ക് തുറക്കുന്നതും .
പ്രധാന റോഡിൽനിന്നും ഏതാണ്ട് 100 മീറ്റെർ ഉള്ളിലേക്കാണ് പി .ശിവന്റെ വിശാലമായ ഭവനം സ്ഥിതി ചെയ്യുന്നത് .നടവഴിയുടെ ഇരുഭാഗത്തും ധാരാളം ഫലവൃക്ഷങ്ങൾ നിന്നിരുന്നു .പ്രധാനമായും മാവ് ,പ്ലാവ് ,പേര ,ചാമ്പ ,മുതലായവ .ഇടയ്ക്കു തെങ്ങും അടക്കാമരവും .ഇടതുവശത്തായി വീടിനു അധികം ദൂരത്തല്ലാതെ ഒരു നാട്ടുമാവും ,പ്രിയോരും .തലേദിവസം വൈകീട്ടോടെ പെയ്ത മഴയിൽ മണൽകൂട്ടുള്ള മണ്ണ് നനഞ്ഞു കിടന്നു .ഒരു സൈക്കിൾ ടയറിന്റെ അടയാളം വീട്ടിലേക്കും തിരിച്ചും തെളിഞ്ഞു കാണാം .മാസാദ്യമായതുകൊണ്ട് പെന്ഷനുമായി വന്ന പൊസ്റ്റ്മാനാകാം അത് .മറ്റൊന്നുള്ളത്‌ ഒരു കാല്പാദത്തിന്റെ അടയാളമാണ് .അതും 2 വശത്തേക്കും കാണപ്പെടുന്നുണ്ട് മിക്കവാറും അത് പി .ശിവന്റെ സഹായിയും അയൽക്കാരനുമായ അയ്യപ്പന്റെതാവാനാണ് സാധ്യത .
വീട്ടിൽ പി .ശിവനെ കൂടാതെ 2 പശുക്കളും (2 ഉം ജെര്സി ഇനത്തിൽ പെട്ടത് ) അതിൽ ഒന്ന് കറവ ഉള്ളതും മറ്റേതു ഗർഭിണിയും ആണ് .പിന്നെ 2 പൂച്ചകൾ ഒന്ന് വെളുത്തു വയറിന്റെ ഇടതു ഭാഗത്തായി ഇളം ബ്രൌൺ പാണ്ടുള്ളതും മറ്റൊന്ന് കറുപ്പും .കോളോണിയൽ വിദ്വേഷത്തിന്റെ ശേഷിപ്പെന്നോണം ക്രിസ്ത്യൻ നാമധാരികളായ രണ്ടു അല്സേഷ്യൻ നായകളും അവിടെ പാർത്തിരുന്നു .
പി .ശിവന്റെ വീടുകഴിഞ്ഞു പ്രധാന നിരത്തിൽ അല്പം തെക്കോട്ടുമാറി 15 സെൻറ് പുരയിടത്തിലാണ് പ്രധാന സഹായി ആയ അയ്യപ്പന്റെയും ഭാര്യ രമണിയുടെയും വീട് .തൊട്ടടുത്ത പുരയിടത്തിൽ അയ്യപ്പൻറെ അകന്ന ബന്ധുവും മറ്റൊരു സഹായിയും ആയ കൃഷ്ണനും ഭാര്യ രാധയും കഴിയുന്നു .
ഏറെക്കുറെ പകൽ സമയങ്ങളിൽ ഇവർ നാലുപേരും പി .ശിവന്റെ വീട്ടിൽ തന്നെ കഴിഞ്ഞു വന്നു .കൃഷ്ണനും രാധയും പുറം പണികളിലും പശു ,പട്ടി ഇത്യാദികളുടെ കാര്യങ്ങളും രമണി വീട്ടുജോലികളിലും ശ്രദ്ധ പുലർത്തിവന്നു.അയ്യപ്പനാകട്ടെ വീട്ടുനടത്തിപ്പും പറമ്പിലെ ആദായങ്ങളുടെ ക്രയവിക്രയങ്ങളും നടത്തി വന്നു.എതാവശ്യങ്ങൾക്കും പണം ചിലവിടുന്നതും വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുന്നതും അയ്യപ്പൻറെ ചുമതലയിൽ പെട്ടിരുന്നു .
കൃത്യം നടന്ന ദിവസം പതിവുപോലെ രമണി രാവിലത്തെ ചായയുമായി മുറിയിൽ വന്നു .സമയം ഏതാണ്ട് 7 മണിയോടടുപ്പിച്ച് .ഒന്നുരണ്ടു തവണ വിളിച്ചിട്ടും പി .ശിവൻ എഴുന്നേൽക്കാത്തകൊണ്ട് സംശയഗ്രസ്തയായ രമണി അടുത്തുചെന്നു പി .ശിവന്റെ ദുർബലവും മെലിഞ്ഞതുമായ കൈയിൽ പിടിച്ചു .പൊടുന്നനെ രമണിയുടെ നാഡീവ്യുഹതിലേക്ക് മരണത്തിന്റെ മരവിച്ച ശൈത്യം കടന്നുപോയി .ഒരു നിമിഷം ഒന്ന് പതറിപ്പോയ രമണി പി .ശിവന്റെ കൈ തിരികെ യഥാസ്ഥാനത്ത് വച്ച് മുറിക്കു പുറത്തിറങ്ങി .വാതിൽ പുറത്തുനിന്നു കുറ്റിയിട്ടശേഷം തന്റെ വീട്ടിലേക്കുപോയി .ഏകദേശം 10 മിനിടിനുള്ളിൽ അയ്യപ്പനെ കൂട്ടികൊണ്ടുവന്നു .തൊട്ടുപുറകെ കൃഷ്ണനും രാധയും പരിഭ്രമിച്ച മുഖവുമായി വന്നെത്തി .അയ്യപ്പൻ വന്നപാടെ കൈ പിടിച്ചു നാഡി നോക്കുകയും മൂക്കിനു താഴെ വിരല പിടിച്ചു ശ്വാസ പരിശോധന നടത്തുകയും ചെയ്തിട്ട് മറ്റു മൂന്നുപേരുടെ നേരെ തിരിഞ്ഞു തലയാട്ടി .പിന്നീട് അയ്യപ്പൻ പുറത്തിറങ്ങി തന്റെ വീട്ടിൽ കേറി ഷർട്ടും മുണ്ടും മാറിയിട്ട് ഏതാണ്ട് ഒരു ഫർലൊങ്ങ് അകലെ താമസിക്കുന്ന പി .ശിവന്റെ കുടുംബ ഡോക്ടറെ വിളിക്കാൻ പുറപ്പെട്ടു .അധികം താമസിയാതെ അയ്യപ്പനും ജോസഫ്‌ കുരുവിള എന്ന മധ്യവയസ്കനായ ഡോക്ടറും എത്തിച്ചേര്ന്നു .പ്രാഥമിക പരിശോധനകൾക്കുശേഷം ഡോ .ജോസഫ്‌ കുരുവിള മരണം സ്ഥിരീകരിച്ചു .
പതിവുപോലെ അയ്യപ്പൻ ഡോക്ടര്ക്ക് കൊടുക്കാറുള്ള ഫീസ്‌ ഒരു കവറിലാക്കി നീട്ടിയെങ്കിലും ഡോ .ജോസഫ്‌ കുരുവിള അത് സ്നേഹപൂർവ്വം നിരസിച്ചു .തുടർന്ന് അയ്യപ്പൻ ഹാളിന്റെ വലത്തേമൂലയിൽ വൃത്താകാരമായ മേശപ്പുറത്തു വച്ചിരിക്കുന്ന ലാൻഡ്‌ഫോണിൽ നിന്നും രണ്ടു കാളുകൾ ചെയ്തു പി .ശിവന്റെ മരണ വൃത്താന്തം അറിയിച്ചു .രണ്ടും വിദേശങ്ങളിൽ താമസമാക്കിയ പി .ശിവന്റെ രണ്ടു ആണ്മക്കൾക്കായിരിക്കുമെന്നു ഊഹിക്കാം .കൃഷ്ണനോട് ശവസംസ്കാരത്തിന് വേണ്ട ചില നിർദേശങ്ങൾ കൊടുത്തിട്ട് മറ്റു സാമഗ്രികൾ വാങ്ങാനും അറിയിക്കേണ്ടവരെ അറിയിക്കാനുമായി അയ്യപ്പൻ പുറത്തേക്കിറങ്ങി .കൃഷ്ണനും തന്നെ ചുമതലപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ നിർവഹിക്കാനായി കിഴക്കോട്ടുള്ള വാതിൽ തുറന്നു പുറത്തിറങ്ങി .പ്രഭാതഭക്ഷണം തയ്യാറാക്കാനായി രമണി അടുക്കളയിലേക്കും പശുവിനു വൈക്കോൽ ഇട്ടുകൊടുക്കാൻ രാധ തൊഴുത്തിലേക്കുo പോയി ...

No comments:

Post a Comment