Tuesday, July 5, 2016

കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം
(ഒരു മാർക്സിയൻ വിലാപകാവ്യം)

ദേശാഭിമാനിയിൽനിന്നു സഖാവ് ...വിളിച്ചിരുന്നു .കാൾമാർക്സ് ജെന്നിഫെരിനോട് പറഞ്ഞു . ബംഗാൾ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ വെള്ളാപ്പള്ളിക്കുള്ള പങ്ക് എന്നവിഷയത്തിൽ ഒരു ലേഖനം എഴുതികൊടുക്കാൻ പറഞ്ഞിട്ടുണ്ട്.
ചക്കക്കുരു നന്നാക്കികൊണ്ടിരുന്ന ജെന്നിഫെർ മുഖംതിരിച്ചുപറഞ്ഞു
'കോപ്പ് ' ഇനി പേപ്പർ വാങ്ങാനെന്നും പറഞ്ഞ് ഞാൻ അഞ്ചുപൈസ തരത്തില്ലാ ...ഈ കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള പാട് എനിക്കുമാത്രമേ അറിയൂ ..അപ്പോഴാ ഒരു ലേഘനം ..അല്ലെങ്കിത്തന്നെ വീടുമുഴുവൻ നിങ്ങള് എഴുതി കുത്തി നിറച്ചിട്ടിരിക്കുന്ന കടലാസുകൊണ്ടു നിറഞ്ഞു .ഇവിടെ അരിവാങ്ങാൻ കാശില്ല .ലോറ ഒരു കുപ്പി ബൂസ്റ്റ്‌ വാങ്ങി കൊടുക്കാൻ പറഞ്ഞിട്ട് മാസം 3 ആയി .ഈ മാസത്തെ കറന്റ്‌ കാശാണെങ്കിൽ അടച്ചിട്ടില്ല ഇന്നോ നാളെയോ ഫ്യൂസ് ഊരും .പിള്ളേർക്കാണെങ്കിൽ പരീക്ഷയും ഞാനതിനൊരു വഴിയാലോചിക്കുമ്പോളാ അതിയാന്റെ ഒരു .........
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട .....
'എടീ ഇതങ്ങനെയല്ലെടീ 'മാർക്സ് വീണ്ടും പറഞ്ഞു ഭരണമൊക്കെ മാറി പൈസയൊക്കെ തരാമെന്നു പറഞ്ഞിട്ടുണ്ട്.എന്റെ 'മൂലധനം' ദേശാഭിമാനി ബുക്സ് ഉടനെ പ്രസിദ്ധീകരിക്കാമെന്നും വിജയൻ സഖാവിനോട് പറഞ്ഞു എല്ലാം ശരിയാക്കാം എന്നും ഏറ്റിട്ടുണ്ട് .
"ഇതൊക്കെ ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറെ ആയി 'എന്റെ കൈയീന്നു പൈസ കിട്ടീട്ടു മോൻ എഴുതാന്നു കരുതണ്ട ....ആ വെള്ളമങ്ങ്‌ വാങ്ങി വെച്ചേരെ ....ഹല്ല ..പിന്നെ ...
എന്റെ ജെന്നീ ഞാൻ പറയുന്നതൊന്നു കേൾക്ക് ഇതു പഴയപോലല്ല ഞാൻ 50000 രൂപ അഡ്വാൻസ് ചോദിച്ചു അതും തരാമെന്നു സമ്മതിച്ചിട്ടുണ്ട് ...ഏറിയാൽ ഒരാഴ്ച ..
നേരാന്നോ നിങ്ങളീ പറയുന്നേ ...എനിക്കൊരു വിശ്വാസം വരുന്നില്ലാ ...
അന്തോണീസു പുണ്യാളനാണെ സത്യം ...നീയൊന്നു വിശ്വസിക്ക് ...ആ പൈസ കിട്ടീട്ടുവേണം നിന്റെ മാല പണയതീന്നു എടുക്കാൻ ..പിന്നെ എനിക്കൊരു മൊബൈലും വാങ്ങണം ...
ഓ ...പിന്നേ ഒരു മൊബീല് ...ഞാനൊന്നു വേളാങ്കണ്ണിക്കു പോകാൻ വിചാരിച്ചിട്ട് കൊല്ലം 3 ആയി ..നിങ്ങള് പണ്ട് പാരീസ് കമ്മ്യുൺ ഒണ്ടാക്കാൻ പോയപ്പോ പോലീസിന്റെ തല്ലുകൊള്ളാതിരിക്കാൻ ഞാൻ മാതാവിനു മെഴുകുതിരി നേര്ന്നതാ ..ഇതുവരെ പൊവാനൊത്തില്ല ...
അതൊക്കെ ഞാനേറ്റു ..ഇതോടെ നമ്മുടെ എല്ലാ പ്രശ്നവും തീരും....നീയൊരു കാര്യം ചെയ്യ് ..ഒരു നൂറു രൂപായിങ്ങു താ ...ഞാൻ നമ്മുടെ ഫ്രെഡിയെ ഒന്ന് കണ്ടെച്ചും വരട്ടെ ....
ദാണ്ടേ  ...മനുഷ്യാ എന്നെ വെറുതെ അരിശം പിടിപ്പിക്കരുത് കേട്ടോ..ഞാനൊരു നൂറുതവണ പറഞ്ഞിട്ടുണ്ട് ആ ചെറുക്കന്റെ കൂട്ടുകൂടി നടക്കെരുതെന്ന് അവനൊറ്റ ഒരുത്തനാ നിങ്ങളെ വഷളാക്കുന്നത് ..ഒള്ള കള്ളും വാങ്ങി കൊടുത്തു പാതിരക്ക് കൊണ്ട് വിടും ...എനിക്കാണേൽ അതിന്റെ മണം കേട്ടാമതി ഓക്കാനം വരും ....ഒരു കാര്യം ഞാൻ പറഞ്ഞേക്കാം കള്ളും കുടിച്ചു നാലുകാലേൽ വന്നു പാതിരാക്ക്‌ എന്നെ തോണ്ടാനും കുത്താനും എങ്ങാൻ വന്നാ എന്റെ വിധം മാറും പറഞ്ഞില്ലെന്നുവേണ്ട ..നിങ്ങള് നേരയാവത്തില്ല ..നാല് കാശു കിട്ടുമെന്ന് കേട്ടപ്പോളെക്കും കൂട്ടുകൂടി മറിയാനുള്ള തിരക്ക് കണ്ടില്ലേ..നിങ്ങടെ ഈ കള്ളുകുടീം പുകവലീം എന്ന് നിർത്തുന്നോ അന്നേ ഈ കുടുംബം ഗതിപിടിക്കൂ ..അതെങ്ങനാ ഞാനും ഈ പിള്ളാരും എങ്ങനാ കഴിയുന്നെന്ന് അറിഞ്ഞിട്ടുവേണ്ടേ ..
നൂറു രൂപാ ചോദിച്ചതിനാണോ നീ കിടന്നു ചാടുന്നെ ..ഇല്ലേ വേണ്ട ഞാൻ പോയേക്കാം ...
പൊക്കൊ ..എവിടക്കാന്നു വച്ചാ പൊക്കൊ ..എന്റെ ഒരു തലേലെഴുത്ത് ..ഒരു പണിക്കും പോകത്തില്ല ..കിട്ടുന്ന പണിയൊന്നും സ്റ്റാറ്റസ് പോരാ ..മനോരമേലെ ജോലിക്കെന്താരുന്നു ഒരു കുറവ് അപ്പൊ നിങ്ങക്ക് സ്വന്തം ബിസിനെസ്സ് തുടങ്ങണം ..എന്നിട്ടെവിടെ ..എനിക്കാകെകൂടി ഉണ്ടാരുന്ന 50 സെൻറ് വിറ്റു തുലച്ചു ..ഞാനന്നു 100 തവണ പറഞ്ഞതാ അപ്പന്റെ വൈദ്യശാല നോക്കി നടത്തിയാമതീന്നു ..കേട്ടില്ലാ ..അതുകഴിഞ്ഞപ്പോ സിനിമാപ്രാന്ത് തലക്കുപിടിച്ചു ലോകത്തുള്ള സിനിമയൊക്കെ ഡൌൺലോഡ് ചെയ്തുകൂട്ടി ..ഇപ്പൊ അതോരുപട്ടിക്കും വേണ്ട ..എന്നാണാവോ ഇനി അതിന്റെപേരിൽ പോലിസുവരുന്നത്‌ ..എന്നാ വല്ല സിനിമയും എടുക്ക് അതും അങ്ങോര്ക്ക് പറ്റില്ല ..ആർട്ട്‌ മാത്രേ പറ്റുള്ളൂന്നു ..പുതിയ പിള്ളേരൊക്കെ കാട്ടുസിനെമ മാട്ടുസിനെമ ന്നൊക്കെ പറഞ്ഞു ഓരോന്നുണ്ടാക്കി അവാർഡൊക്കെ വാങ്ങുമ്പോ അങ്ങൊരതിനേം കുറ്റം പറഞ്ഞോണ്ടിരിക്കും ..നോക്കിക്കോ ഒള്ള വീടും സ്ഥലവും ബാങ്കുകാർ കൊണ്ടുപോകാറായിട്ടുണ്ട് അപ്പൊ പഠിച്ചോളും ..വല്യ പുള്ളിയാണത്രെ ..പുള്ളി ...അപ്പുറത്തെ തല്ലുകൂടാൻ നടക്കുന്ന മമ്മാലി ക്കുള്ള വിലപോലും ഇല്ലല്ലോ മനുഷ്യാ നിങ്ങള്ക്ക്..

No comments:

Post a Comment