Tuesday, July 5, 2016

അദ്വൈത ദർശനം (ശങ്കരഭാഷ്യം-ആൻഡ്രോയ്ഡ് ലോലിപോപ് 5.1 വേർഷൻ)


കപിലവസ്തുവില്നിന്നു യാത്രതിരിക്കുമ്പോൾ യശോധരയെയും രാഹുലനെയും ഉണർത്താൻ മനസ്സുവന്നില്ല . നിലാവ് ഇരുട്ടിനോടിഴചേർന്നു കിടന്നു . ചാരിയ വാതിലിനുപിറകിൽ സ്വപ്നസഞ്ചാരങ്ങളുടെ അഗാധ നീലിമ .നിശ്ശബ്ദമായ തെരുവിൽ അരണ്ട തെരുവ് വിളക്കുകളുടെ പ്രകാശം മാത്രം .വൃക്ഷത്തലപ്പുകളിൽ നിന്നൂർന്നുവീഴുന്ന മഞ്ഞുതുള്ളികൾ .പാതയോരത്തെ ഭവനങ്ങളിൽനിന്നുയരുന്ന രതിമർമരങ്ങൾ .വിളക്കുകാലിനടത്തു തീകായുന്ന വൃദ്ധൻ . അങ്ങിങ്ങായി വഴിവാണിഭങ്ങളുടെ അവശിഷ്ടങ്ങൾ. .ഇടക്കിടക്ക് ചെമ്പകത്തിന്റെയും നിശാഗന്ധിയുടെയും അസ്പഷ്ടമായ ഓർമ്മപ്പെടുത്തലുകൾ .വെളിച്ചത്തിന്റെ ഇന്ദ്രജാലം നിഴലുകളുടെ നീളം കൂട്ടുകയും കുറക്കുകയും ചെയ്തുകൊണ്ടിരുന്നു .രാവിന്റെ നിതാന്ത ജാഗ്രതയെന്നോണം ഒരു നായ കുരക്കുന്നു .തെരുവുറക്കങ്ങളുടെ നീണ്ട ഞെരക്കങ്ങൾ .ഉറങ്ങിയും ഉണർന്നും നിശീഥിനിയെ നീന്തി കടക്കുന്ന നാൽക്കവലകൾ .രാപ്പക്ഷികളുടെ ചിറകടിയൊച്ചകൾ .ഗണികാഭവനങ്ങളിലെ നിഴലാട്ടങ്ങൾ.എരിയുന്ന കല്പടവുകൾക്കു താഴെ ഉണരുന്ന കുണ്ഡലിനി .ജലോപരിതലത്തിലേക്കു പതിക്കുന്ന ആഗ്നേയ ശരീരങ്ങൾ .പുകയുന്ന ഹിമശിഖരങ്ങൾ .തടാകങ്ങൾ ,നദികൾ ,വയലുകൾ ....

പാലപ്പൂവിന്റെ ഗന്ധം താൽക്കാലത്തേയ്ക്കെങ്കിലും ഓര്മകളിൽനിന്നു ഗൗതമനെ ഉണർത്തി .കാലം വിദൂരത്തെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു .ജനപദങ്ങളിൽനിന്നു ജനപദങ്ങളിലേക്ക് .യാത്രികന്റെ മനസ്സ് ലക്ഷ്യത്തിൽ സമാധിയാണ്ടു കിടന്നു .വഴിത്താരകളിൽ കാട്ടുതുളസിയും പിച്ചകവും പൂത്തു.വരവള്ളികൾ പടർന്നുകയറിയ വന്മരങ്ങൾ .ഇലച്ചാർത്തിലൂടെ ഇറ്റുവീഴുന്ന സൂര്യപ്രകാശം .ഓന്തും ,അരണയും ചീവീടുകളും മറ്റു ചെറു ജീവജാലങ്ങളും ചേർന്നു വന്യതയുടെ സിംഫണി തീർത്തു .ദൂരത്തെവിടെയോ ഒരു കേഴമാനിന്റെ മുഴക്കം.മരച്ചില്ലകൾ ഉലച്ചുകൊണ്ട് വാനരസംഘം കടന്നുപോയി .കാട്ടിടവഴികളിലൂടെ ചിലന്തികളുടെ പ്രതിരോധം ഭേദിച്ചു ഗൗതമൻ വെണ്മേഘങ്ങളും നീലാകാശവും മേൽപ്പരപ്പായ പൊയ്കയുടെ തീരത്തിരുന്നു .സ്ഫടിക സമാനമായ ജലം തന്റെ വരാലുകളും പരൽമീനുകളും മറ്റനേകം മത്സ്യങ്ങളും തവളകളും പായലും ജലസസ്യങ്ങളും ഉരുണ്ടതും പരന്നതും ആയ കല്ലുകളും നിറഞ്ഞ അന്തർലോകം തുറന്നിട്ടുകൊണ്ടു ഗൗതമനെ നോക്കി .

ജലസ്പർശംകൊണ്ടു വീണ്ടെടുത്ത ശരീരവുമായി ഗൗതമൻ യാത്ര തുടർന്നു .അനാദിയും പ്രാകൃതവുമായ ദുഖങ്ങൾക്കു വൈകൃത പരിഹാരം തേടിയുള്ള യാത്ര .ഉച്ചമയക്കങ്ങളിൽ കൈകാലുകളുള്ള വലിയ മത്സ്യങ്ങൾ ഗൗതമനെ സന്ദർശിച്ചു .മീൻകണ്ണുകളിൽ ആഴക്കടൽ പ്രതിഭലിച്ചു .ഓരോന്നിനും തകർന്ന യാനങ്ങളുടെ തവിട്ടുകലർന്ന കറുപ്പുനിറം .പേമാരിയും കൊടുങ്കാറ്റും വിഴുങ്ങിയ മത്സ്യങ്ങൾ ഗൗതമനെ കിഴക്കോട്ടുനയിച്ചു .

തെരുവ് വിജനമായിരുന്നില്ല .തിരക്കിട്ടു തൊഴിലിടങ്ങളിലേക്കു പോകുന്നവർ ,വിദ്യാലയങ്ങളിലേക്കൊഴുകുന്ന കുട്ടികൾ ,അന്നന്നത്തെ തൊഴിലവസരം കാത്തു നിൽക്കുന്ന തൊഴിലാളികൾ ,വ്യാപാരികൾ എന്നിങ്ങനെ ശബ്ദമുഖരിതമായ തെരുവീഥികൾ .വ്യാപാരശാലകൾ തുറന്നു വരുന്നേ ഉള്ളൂ .വഴിവാണിഭക്കാർ വില്പന ചരക്കുകൾ നിരത്തി തുടങ്ങിയിരുന്നു .റിലയൻസിന്റെ പാൽക്കായം ,സാംസങിന്റെ ചുക്കുവെള്ളപ്പൊടി ,തുടങ്ങി നാനാവിധ ഉത്പന്നങ്ങൾ .എങ്ങും തെരുവുനായ്ക്കൾ അലഞ്ഞു നടന്നു .പാതപിരിയുന്നതിനിടതുവശത്തു നിലക്കണ്ണാടിയിൽ പൊതിഞ്ഞ മനോഹരമായ കെട്ടിടത്തിനുമുന്നിൽ ഗൗതമൻ നിന്നു .തറകെട്ടി സംരക്ഷിച്ചു നിർത്തിയ വലിയൊരാൽമരം ആശ്രമാന്തരീക്ഷമൊരുക്കി .ആൽത്തറയിൽ ശുഭ്രവസ്ത്രധാരിയും തേജസ്സാർന്നതും പ്രതീക്ഷാനിര്ഭരവുമായ കണ്ണുകളോടും കൂടിയ ഒരു യുവാവ് ഇരിക്കുന്നുണ്ടായിരുന്നു .ഗൗതമനെ നേരിട്ട ആ മുഖം ജിജ്ഞാസുവിന്റെ മനോഗതം അറിയാനെന്നോണം രണ്ടുവിരൽ ഉയർത്തിക്കാണിച്ചു .ദ്വൈതിയുടെ ദാർശനിക സംജ്ഞക്കുള്ള മറുപടിയെന്നോണം ഗൗതമൻ തന്റെ മൂന്നു വിരൽ ഉയർത്തി .തന്റെ അസംഖ്യമായ ആകുലതകൾക്കുള്ള പരിഹാരമെന്നപോലെ ജ്ഞാനി തന്റെ നാലുവിരൽ ഉയർത്തി .വിരലുകളുടെ മായാജാലത്തിൽ നഷ്ടപ്പെട്ട ഗൗതമനെ ആഗതൻ അകത്തേയ്ക്കു ക്ഷണിച്ചു .അബോധമായ ഒരിച്ഛാശക്തിയാലെന്നോണം ഗൗതമൻ അദ്ദേഹത്തെ അനുഗമിച്ചു .സപ്തവർണങ്ങൾ കലർന്ന നിലാവെന്നപോലെ വെളിച്ചം വിതറിയ ആശ്രമാന്തർഭാഗത്തുപ്രവേശിച്ച ഗൗതമനോട് ഉപവിഷ്ടനാവാനുള്ള ആംഗ്യം കാണിച്ചിട്ട് അകത്തേയ്ക്കുപോയി .അല്പസമയം കഴിഞ്ഞു രണ്ട് സ്ഫടിക ചഷകങ്ങളിൽ പാനീയങ്ങളുമായി തിരിച്ചെത്തി .സ്വപ്നക്കല്ലുകൾ വിതറി തണുപ്പിച്ച അതിലൊന്ന് ഗൗതമിനു നൽകി .അഭൗമമായ ആത്മീയ ചൈതന്യം ഉള്ളിലേക്കാവാഹിച്ച ഗൗതമന്റെ മൂലാധാരത്തിൽ നിന്നു ജ്ഞാനസ്വരൂപിണിയായ കുണ്ഡലിനി ഉണർന്നെഴുന്നേറ്റു കപാലസ്ഥിതമായ ബ്രഹ്മരന്ധ്രത്തിലൂടെ സഹസ്രാരപദ്മത്തിലെത്തി വിരാജിച്ചു .അന്യഭാഷാജ്ഞാന സിദ്ധി കൈവന്ന ഗൗതമൻ അതീവ ശ്രദ്ധയോടെ ഗുരുവചനം ശ്രവിച്ചു .
" ഞാൻ ശങ്കരൻ ,മേസ്തിരിയാണ് പ്ലൈവുഡ് കമ്പനിയിൽ .നിനക്ക് അഞ്ഞൂറുരൂപ കൂലി തരും .അതിൽ നൂറു രൂപ എന്റെ കമ്മീഷൻ പിന്നെ ഷെയറുപിടിച്ചതിന്റെ ഇരുന്നൂറു അങ്ങിനെ മുന്നൂറു കഴിഞ്ഞു ബാക്കി വൈകിട്ടു പണിതീരുമ്പോ തരും".....


No comments:

Post a Comment